Kerala

ഡിംപിളിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; അഡ്വ. അഫ്‌സലിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് ആളൂര്‍; ഇത് ചന്തയല്ലെന്ന് കോടതി

കൊച്ചിയില്‍ മോഡലിനെ കാറില്‍ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഡിംപിളിനുവേണ്ടി ഹാജരായ രണ്ട് അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ വാക്കേറ്റം. ഡിംപിളിനുവേണ്ടി അഡ്വ. അഫ്‌സലും അഡ്വ. ആളൂരുമാണ് കോടതിയില്‍ ഹാജരായത്. വാദം ആരംഭിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമായി. അഡ്വ. അഫ്‌സലിനോട് അഡ്വ ആളൂര്‍ ഇറങ്ങിപ്പോരാന്‍ പറയുന്ന നിലയുണ്ടായി. ബഹളവും തര്‍ക്കവും മുറുകിയതോടെ ഇത് കോടതി മുറിയാണെന്നും ചന്തയല്ലെന്നും മജിസ്‌ട്രേറ്റ് രണ്ട് അഭിഭാഷകരേയും ഓര്‍മിപ്പിച്ചു. 

തന്റെ വക്കാലത്ത് അഫ്‌സലിനെയാണ് ഏല്‍പ്പിച്ചതെന്നാണ് ഡിംപിള്‍ പറയുന്നത്. മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കോടതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം തേവരയിലെ ബാറിലടക്കം തെളിവെടുപ്പു നടത്തും. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരായ വകുപ്പുകള്‍. എക്‌സൈസ് വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ഡാന്‍സ് ബാറെന്ന രീതിയില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാറിനെതിരെ കേസെടുത്തിട്ടുണ്ട്. ബാറില്‍ രാസലഹരിമരുന്നുപയോഗം നടന്നോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.