പാലക്കാട് നവകേരള സദസിന് വേദിയൊരുക്കുന്നതിനായി പൊളിച്ചുമാറ്റിയ സ്കൂള്‍ മതില് 10 ദിവസം കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിച്ചില്ലെന്ന് പരാതി. ഉടന്‍ നിര്‍മ്മിക്കുമെന്ന് സ്ഥലം എംഎല്‍എ ഉറപ്പ് നല്‍കിയെങ്കിലും പാഴ്വാക്കാണെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്കൂള്‍ മതിലിനൊപ്പം സ്കൂളിന്റെ പേരെഴുതിയ കമാനവും മാറ്റിയിരുന്നു. ഇതും പുനഃസ്ഥാപിച്ചിട്ടില്ല.ഡിസംബര്‍ മൂന്നിന് നെന്മാറ മണ്ഡലത്തില്‍ സംഘടിപ്പിച്ച നവകേരള സദസിന് വേദിയൊരുക്കുന്നതിനായാണ് നെന്മാറ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മതില് പൊളിച്ചത്. ഇടുങ്ങിയ വഴി ആയതിനാല്‍ വേദിയൊരുക്കുന്നതിനുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നതിനും സദസില്‍ പങ്കെടുക്കുന്നവര്‍ക്ക് സുഗമമായി കടന്നുവരാനുമാണ് മതില്‍ഡ പൊളിച്ചത്.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്ന ബസ് കയറ്റുന്നതിനായിട്ടാണ് സ്കൂളിന്റെ കമാനം ഉള്‍പ്പെടെ പൊളിച്ചതെന്നും എന്നാല്‍ സദസ് കഴിഞ്ഞ് ഇതുവരെ ഇത് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അതേസമയം കഴിഞ്ഞദിവസം നവകേരള സദസിനായി കൊല്ലത്ത് സ്കൂള്‍ മതില് പൊളിച്ചതിനെതിരെ രൂക്ഷവിമര്‍ശനം ഹൈക്കോടതി നടത്തിയിരുന്നു.
പൊതുഖജനാവിലെ പണമല്ലേ ഇതിന് ചിലവഴിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സംഭവിച്ചുപോയി എന്നായിരുന്നു കോടതിയില്‍ സര്‍ക്കാരിന്റെ മറുപടി. നവകേരള സദസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്ത് ദേവസ്വം സ്കൂളിന്റെ മതില് പൊളിച്ചതുമായി ബന്ധപ്പെട്ടാണ് ഹര്‍ജി കോടതിയിലെത്തിയത്.