നിലമ്പൂരില്‍ പി.വി അന്‍വർ എം.എല്‍.എക്കെതിരെ കയ്യേറ്റമെന്ന് പരാതി. രാത്രി 11 മണിയോട് കൂടി മുണ്ടേരി കോളനിയിലെത്തിയ എം.എല്‍.എയെ യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. തനിക്കെതിരെ വധശ്രമമുണ്ടായതായി എം.എല്‍.എ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവർത്തകർ ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി.
രണ്ടിടത്ത് വെച്ച് അക്രമികള്‍ തന്‍റെ തടഞ്ഞെന്നും 15 ഓളം ബൈക്കുകളിലായാണ് 30 പേര് അടങ്ങുന്ന അക്രമിസംഘം എത്തിയതെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും പി.വി അന്‍വര്‍ പറയുന്നു. രാത്രി എന്താണ് ഈ നാട്ടില്‍, ഈ സമയത്ത് ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നൊക്കെയായിരുന്നു അവരുടെ ഭീഷണിയെന്നും എം.എല്‍.എ പറഞ്ഞു. തന്‍റെ കാറു തടഞ്ഞ അക്രമിസംഘം തന്നെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചു. ഗണ്‍മാന്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ മര്‍ദ്ദനം അദ്ദേഹത്തിന് നേരെയായി. അദ്ദേഹത്തിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
എം.എല്‍.എ ഈ സമയത്ത് കോളനിയിലെത്തിയത് ദുരുദ്ദേശ്യത്തോടെയാണ് എന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആരോപണം. ആദ്യം രണ്ടുപേര്‍ ബൈക്ക് കുറുകെയിട്ട് എം.എല്‍.എയുടെ വാഹനം തടയുകയായിരുന്നു. പിന്നീടാണ് കൂടുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും എം.എല്‍.എക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടാകുകയും ചെയ്യുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ അവിടെ എത്തിയത് എന്നും അതുകഴിഞ്ഞ് വരുംവഴി മുണ്ടേരി കോളനിയിലെ രോഗിയായ ഒരാളെ സന്ദര്‍ശിക്കാനാണ് താന്‍ അവിടെ പോയത് എന്നുമുള്ള വിശദീകരണമാണ് എം.എല്‍.എ നല്‍കുന്നത്.
എം.എല്‍.എയ്ക്കെതിരെ കയ്യേറ്റമുണ്ടായ വാര്‍ത്ത പരന്നോടെ എല്‍.ഡി.എഫ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുകയും സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ സംഘടിച്ച് ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി.
എം.എല്‍.എയുടെ പരാതിയെ തുടര്‍ന്ന് ആദ്യം വാഹനം തടഞ്ഞ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയാണ്.