കൂടത്തായി കൊലപാതക പരമ്പരകേസിലെ പരാതിക്കാരന്‍ റോജോയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നു. മൊഴി കൊടുക്കാന്‍ പൊലീസ് വിളിപ്പിച്ചത് അനുസരിച്ചാണ് എത്തിയതെന്ന് റോജോ പറഞ്ഞു.
കേസിലെ മുഖ്യപ്രതി ജോളിയെ വടകര എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാറിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൃഷ്ണകുമാറിന് അന്വേഷണസംഘം നിര്‍ദേശം നല്‍കി.
ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് റോജോയില്‍ നിന്നുള്ള മൊഴിയെടുപ്പ്. മൊഴി നല്‍കാന്‍ എത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയിലില്‍ അയച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് റോജോ അമേരിക്കയില്‍ നിന്ന് വന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മരണത്തില്‍ ദുരൂഹത തോന്നാനുണ്ടായ കാരണമടക്കം അനവേഷണ സംഘം വിശദമായി ചോദിച്ചറിയും. ഐ.സി.ടി എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനകള്‍ ഇന്നും തുടരും. സാങ്കേതിക സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇന്നലെ രാത്രി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം ചോദ്യം ചെയ്ത് വിട്ടയച്ച ഷാജുവിനെയും സഖറിയേയും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ജോളി കുടുക്കാന്‍ ശ്രമിക്കുകയാണെന്ന മൊഴിയാണ് ഇരുവരും നല്കിയത്.സിലിയെ കൊല്ലാന്‍ കൂട്ടുനില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്നും ഷാജുവും സഖറിയയും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.