Kerala

തെരുവ് നായ ആക്രമണത്തില്‍ നഷ്ടപരിഹാരം തീര്‍പ്പാക്കാതെ നാലായിരത്തോളം പരാതികള്‍

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കാരണം പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി നോക്കു കുത്തിയാകുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ലഭിച്ച 5477 പരാതികളില്‍ തീര്‍പ്പാക്കിയത് 881 പരാതികള്‍ മാത്രമെന്ന് വിവരാവകാശ രേഖ. ജില്ലകള്‍ തോറും സിറ്റിംഗ് നടത്താത്തതാണ് കമ്മിറ്റിക്ക് തിരിച്ചടി.

തെരുവുനായ കടിച്ചാല്‍, നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാധ്യത ഉണ്ട്. ഇത്തരം സംഭവങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ 2016 ലാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയെ നിയോഗിക്കുന്നത്. 2022 സെപ്റ്റംബര്‍ വരെ പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റെങ്കിലും കമ്മീഷന് ലഭിച്ചത് 5477 പരാതികള്‍ മാത്രമാണ്. ഇതില്‍ 881 പരാതികള്‍ കമ്മീഷന്‍ തീര്‍പ്പാക്കി.

സിരിജഗന്‍ കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം അതേപടി നല്‍കണമെന്ന് 2018 ജൂലായ് 16-ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഉയര്‍ന്നതുക നഷ്ടപരിഹാരം ലഭിക്കുമെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ പലപ്പോഴും ഇക്കാര്യമറിയിക്കാതെ തുച്ഛമായതുക നല്‍കി ആക്രമണത്തിനിരയായവരെ ഒഴിവാക്കുന്നതാണ് കൂടുതല്‍ പരാതികള്‍ കമ്മിഷന്‍ മുന്‍പില്‍ എത്താതിന് ഒരു പ്രധാന കാരണം.

നിലവില്‍ കൊച്ചിയില്‍ മാത്രമാണ് കമ്മീഷന്‍ സിറ്റിങ് ഉള്ളത്. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും നഷ്ടപരിഹാരത്തെ കുറിച്ചുള്ള അറിയിപ്പ് തദ്ദേശസ്ഥാപനങ്ങളിലില്ല. തെരുവ് നായ ആക്രമണം കൂടിയിട്ടും, ഇത്തരമൊരു സംവിധാനത്തെ പറ്റി പൊതുജനത്തെ അറിയിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല എന്നതും വിചിത്രമാണ്.