India Kerala

ഇടനിലക്കാരുടെ ഇടപെടലുകള്‍ കയർ ഉൽപ്പന്ന മേഖലയെ തകർക്കുന്നതായി പരാതി

ഇടനിലക്കാരുടെ ഇടപെടലുകള്‍ കയർ ഉൽപ്പന്ന മേഖലയെ തകർക്കുന്നതായി പരാതി. കയർ ഉൽപാദക സൊസൈറ്റികൾക്ക് ഓർഡർ കുറഞ്ഞതോടെ ഇത് മുതലാക്കി കമ്പനികളിൽ നിന്ന് കുറഞ്ഞ വിലക്ക് ഓർഡർ സ്വീകരിച്ച് നെയ്ത്തുടമകൾക്ക് നൽകുകയാണ് ഇടനിലക്കാർ. ഇതിനെ തുടർന്ന് നെയ്ത്തുടമകൾക്ക്, കുറഞ്ഞ വിലയ്ക്ക് കയർ ഉൽപ്പന്നങ്ങൾ കമ്പനികൾക്ക് വിൽക്കേണ്ട അവസ്ഥയാണ്.

ഇടനിലക്കാർ കമ്പനികളിൽ നിന്ന് ഓർഡർ സ്വീകരിച്ച് കുറഞ്ഞ വിലക്ക് നെയ്ത്തുടമകൾക്ക് നൽകുന്നത് പതിവായിരുന്നു. ഉടമകൾ ഇവർക്ക് 3% കമ്മീഷനും കൊടുക്കണം. കയർ ഉൽപ്പന്ന മേഖലയിലെ ചൂഷണം തടയുന്നതിന് വി.എസ് സർക്കാരാണ് കയർ ഉൽപാദ സൊസൈറ്റികൾക്ക് രൂപം നൽകിയത്. സൊസൈറ്റികൾ നിലവിൽ വന്നതോടെ എല്ലാ ഓർഡറുകളും ഇതിലൂടെയായി. നെയ്ത്തുടമകൾക്ക് യഥാർത്ഥ വിലയും കിട്ടും. എന്നാൽ ഓണത്തിന് ശേഷം സൊസൈറ്റികൾക്ക് കമ്പനികളുടെ ഓർഡർ കുറഞ്ഞു.

സന്ദർഭം മുതലാക്കി പഴയ ഇടനിലക്കാർ തലപൊക്കി. മറ്റ് വഴികളില്ലാത്തതുകൊണ്ടാണ് ഇടനിലക്കാർ നൽകുന്ന ഓർഡറുകൾ സ്വീകരിക്കേണ്ടി വരുന്നത്. ഉൽപ്പന്നങ്ങളുടെ വില കുറച്ച് കിട്ടാൻ മന:പ്പൂർവമാണ് സൊസൈറ്റികൾക്ക് കമ്പനികൾ ഓർഡർ നൽകാത്തതെന്ന ആക്ഷേപവുമുണ്ട്.