യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ടീയത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പാലാ സീറ്റിന്റെ കാര്യത്തിൽ എൽഡിഎഫ് ഘടകകക്ഷികളുമായും ചർച്ച ചെയ്യുമെന്നും തീരുമാനം കൈക്കൊള്ളുമെന്നും എ വിജയരാഘവൻ പറഞ്ഞു.
കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനത്തെ ലോക് താന്ത്രിക് ജനതാ ദൾ സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാർ എംപി സ്വാഗതം ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ വികസന മുന്നേറ്റത്തോട് കൈകോർക്കാനുള്ള ജോസ് കെ മാണിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.