Kerala National

മലപ്പുറത്ത് രണ്ടുപേര്‍ക്ക്, കാസര്‍കോട് ഒരാള്‍ക്ക്: കേരളത്തില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19

സംസ്ഥാനത്ത് മൊത്തം 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്നുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 24 ആയി. ആകെ 12,740 പേരാണ് നിരീക്ഷണത്തിലുള്ളത്. ആരാധനാലയങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മദ്യശാലകൾ പൂട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോഡ് ഒരാള്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് സ്വദേശി ദുബൈയിൽ നിന്നും മലപ്പുറം സ്വദേശികൾ സൗദിയിൽ നിന്നും വന്നവരാണ്.

വിദേശങ്ങളിൽ നിന്നെത്തുന്നവരിൽ രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്കും മറ്റുള്ളവരെ പൊലീസ് മേല്‍നോട്ടത്തിൽ വീടുകളിലും എത്തിക്കും. വിദേശത്തേക്ക് പോകുന്നവര്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും സ്ക്രീനിങ്ങ് നടത്തും. വിമാനത്താവളങ്ങളിൽ ആളുകള്‍ കൂടുന്നത് സർക്കാര്‍ നിര്‍ദേശങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹങ്ങളിൽ 100 പേരിൽ കൂടുതൽ പേർ പങ്കെടുക്കരുത്. കുവൈത്തിലെപ്പോലെ ആരാധന വീടുകളിലാക്കുന്നത് നല്ലതാണ്. ബാറുകളില്‍ തിരക്ക് ഒഴിവാക്കാന്‍ ക്രമീകരണം കൊണ്ടുവരും. ജനജീവിതം സ്തംഭനാവസ്ഥയിലായി. സാമ്പത്തിക നില മോശമാകുന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് മലപ്പുറത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിൽ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിൽ തുടരുന്ന രണ്ടുപേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഉംറ കഴിഞ്ഞത്തിയ വണ്ടൂർ വാണിയമ്പലം സ്വദേശിനിക്കും, അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനി മാര്‍ച്ച് 12 നാണ് എയര്‍ ഇന്ത്യയുടെ AI964 നമ്പര്‍ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയത്. ബസിൽ 40 സഹയാത്രികർക്കൊപ്പം കരിപ്പൂരിലെത്തിയ ശേഷം പിന്നീട് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങി. മാര്‍ച്ച് ഒമ്പതിനാണ്, വണ്ടൂര്‍ സ്വദേശിനി എയര്‍ ഇന്ത്യയുടെ AI960 നമ്പര്‍ വിമാനത്തിൽ ജിദ്ദയില്‍ നിന്നു കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. തുടർന്ന് 10 ബന്ധുക്കളുമൊത്ത് വീട്ടിലേക്ക് യാത്ര തിരിച്ചു. ഇതിനിടെ വിവിധ ബന്ധുവീടുകളിലും സന്ദർശനം നടത്തി.

ഇരുവർക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ മാര്‍ച്ച് 13ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയുമാണ്. ഉംറ തീര്‍ഥാടനത്തിനു ശേഷം മടങ്ങിയ ഇരുവരും നേരിട്ടു ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിശദമായ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം ഇന്ന് പുറത്തിറക്കും.