Kerala

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തി ഇല്ല

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. മുഖ്യമന്ത്രി വാര്‍ത്താസമ്മേളന ത്തിലാണ് ഇക്കാര്യം അറിയിച്ചത്. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും രോഗബാധ ഉണ്ടായി.

മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേർ നിലവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത്‌ 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിലെ ആകെ രോഗികളുടെ എണ്ണം 19 ആയി. ആലപ്പുഴ ജില്ലയിൽ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് 17 വിമാനങ്ങളും മൂന്ന് കപ്പലുകളും കേരളത്തില്‍ എത്തി.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യതയുണ്ട്, സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം. ക്വാറന്റൈന്‍ ലംഘനം കണ്ടെത്താന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേര്‍ഡ് സംവിധാനമൊരുക്കും. നിരീക്ഷണത്തിലുള്ളവരുടെ വീടുകളുടെ പരിസരത്തായിരിക്കും നിരീക്ഷണം. പൊലീസ് വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിക്കും.