Kerala

കെ.എസ്.എഫ്.ഇയിലെ റെയ്ഡ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് മുഖ്യമന്ത്രി

കെഎസ്എഫ്ഇയിലെ റെയ്ഡ് സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. റെയ്ഡ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ വിജിലന്‍സിന് നിര്‍ദേശം നല്‍കി.

കെഎസ്എഫ്ഇയില്‍ ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിപിഎം ഇക്കാര്യം ചര്‍ച്ച ചെയ്തായിരിക്കും അന്തിമ തീരുമാനമെടുക്കുക.

അതേസമയം വിജിലന്‍സ് റെയ്ഡ് നടന്ന കെഎസ്എഫ്ഇ ശാഖകളിലെ ആഭ്യന്തര ഓഡിറ്റ് ഇന്ന് ആരംഭിക്കും. പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി ആഭ്യന്തര ഓഡിറ്റി‌ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആഭ്യന്തര ഓഡിറ്റിന് ശേഷമായിരിക്കും ധനവകുപ്പിന് വിശദ വിവരങ്ങള്‍ കെഎസ്എഫ്ഇ കൈമാറുക. 36 ശാഖകളിലാണ് ആഭ്യന്തര ഓഡിറ്റിങ് നടത്തുക. ധനവകുപ്പിനും വിവരങ്ങള്‍ കൈമാറും.