Kerala

പൊലീസ് ആക്ട് ഭേദഗതി: ഉപദേശകന് നോട്ടപിശകുണ്ടായെന്ന് മുഖ്യമന്ത്രി

പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ നോട്ടപിശകാണ് പൊലീസ് ആക്ട് ഭേദഗതി വിവാദമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറ‍ഞ്ഞത്. ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടായ ആശയക്കുഴപ്പമാണ് സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയതെന്ന് ഇതോടെ വ്യക്തമാവുകയാണ്.

സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. ഉപദേശകരുടെ തെറ്റായ ഉപദേശങ്ങള്‍ കൊണ്ട് മുഖ്യമന്ത്രി വിവാദത്തില്‍ പെടുന്നത് സര്‍ക്കാരിന്‍റെ കാലത്ത് നിരവധി തവണ കണ്ടിട്ടുള്ളതാണ്. പൊലീസ് ആക്ട് ഭേദഗതിയില്‍ സര്‍ക്കാര്‍ വെട്ടിലായതും ഒരു ഉപദേശകന്‍റെ ഉപദേശം കൊണ്ടെന്ന് വ്യക്തമാവുകയാണ്. ഒരു എഡിജിപി തയ്യാറാക്കിയ കരട് ഭേദഗതി ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടി സഞ്ജയ് കൗൾ കണ്ട ശേഷമാണ് കാബിനറ്റിന്‍റെ പരിഗണനയ്ക്കു പോയത്. മുഖ്യമന്ത്രിയുടെ വകുപ്പിൽ നിന്നുള്ള ഫയൽ ആയതു കൊണ്ടു തന്നെ മന്ത്രിസഭാ യോഗത്തിലും കാര്യമായ ചർച്ച ഉണ്ടായില്ല.

എന്നാൽ പൊലീസുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ പതിവുപോലെ പരിശോധിച്ചു. ഓർഡിനൻസിലെ അപകടം തിരിച്ചറിയാനും മുഖ്യമന്ത്രിയെ അറിയിക്കാനും ശ്രീവാസ്തവയ്ക്കും കഴിഞ്ഞില്ല. ഈ വീഴ്ച മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തുറന്നുപറഞ്ഞു. രമണ്‍ ശ്രീവാസ്തവയ്ക്കുണ്ടായ നോട്ടപിശകാണ് പൊലീസ് ആക്ടില്‍ സംഭവിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുന്നണിയുടെ പ്രധാന ഘടക കക്ഷിയായ സിപിഐയുടെ എതിര്‍പ്പ് പോലും അവഗണിച്ച് പൊലീസ് ഉപദേഷ്ടാവിനെ മാത്രം വിശ്വസിച്ചു. ഒടുവില്‍ മുഖ്യമന്ത്രിക്ക് നിയമത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടി വന്നു.