Kerala

സംസ്ഥാനത്തെ ഫയല്‍ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഫയല്‍ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം അടിയന്തരമായി ഹാജരാക്കാന്‍ നിര്‍ദേശം. സെക്രട്ടേറിയറ്റിന് പുറത്തുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ഓണ്‍ലൈനാക്കാന്‍ നിര്‍ദേശം. സിഎം ഡാഷ്‌ബോര്‍ഡ് പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച പൂര്‍ത്തിയാക്കി മുഖ്യമന്ത്രി.

സെക്രട്ടേറിയറ്റിലെ 44 പ്രധാന വകുപ്പുകള്‍ ഓഗസ്റ്റ് 22 നകം ഓണ്‍ലൈന്‍ സര്‍വീസിലേക്ക് മാറണമെന്ന് നിര്‍ദ്ദേശമുണ്ട്. 600 ഓളം സേവനങ്ങള്‍ ഇതിനകം ഡിജിറ്റലായി. സെക്രട്ടേറിയറ്റിന് പുറത്തുള്ള 300 ഓളം സര്‍ക്കാര്‍ ഓഫീസുകള്‍ കൂടി ഓണ്‍ലൈനാകുന്നതോടെ സിഎം ഡാഷ്‌ബോര്‍ഡിലേക്ക് മാറ്റം സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. ഗുജറാത്ത് മോഡലിന്റെ നല്ല വശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനം.

എല്ലാ സ്ഥാപനങ്ങളിലെയും ബയോമെട്രിക്ക് പഞ്ചിംഗ് മെഷീന്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഫയല്‍ നീക്കം കാര്യക്ഷമമാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പാക്കാനും സ്വീകരിക്കുന്ന നടപടികള്‍ ഭരണനിര്‍വഹണത്തില്‍ എന്ത് ഗുണമുണ്ടാക്കുമെന്നാണ് ഇനി അറിയാനുള്ളത്.