Kerala

ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി; ‘മയക്കുമരുന്ന് കേസിൽ തെളിവില്ല’

മയക്കുമരുന്നില്‍ ബംഗളൂരു ജയിലിലുള്ള ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍‌. മയക്കുമരുന്ന് കേസിൽ ബിനിഷിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രിയത്തിൻ്റെ പേരിൽ വ്യക്തികളെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊടകര കള്ളപ്പണക്കേസ് ഒത്തുതീർക്കാന്‍ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികളെ വിമർശിച്ചും ബിനീഷിനെ പൂർണമായും പിന്തുണച്ചുകൊണ്ടുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

അതേസമയം അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കൊടകരയിൽ കവർച്ചചെയ്യപ്പെട്ട കളളപ്പണം ബിജെപിയുടേത് തന്നെയാണ്. നാലാം പ്രതി ബിജെപി പ്രവർത്തകനാണ്. പരാതിക്കാരനായ ധർമരാജൻ ബിജെപി അനുഭാവിയും. കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളയാളുമാണ്. തുടരന്വേഷണത്തിൽ സാക്ഷികൾ തന്നെ പ്രതികളായേക്കാമെന്നും മുഖ്യന്ത്രി പറഞ്ഞു. അന്വേഷണം തുടരുകയാണ്. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ എന്ത് സംഭവിക്കുമെന്ന് യുഡിഎഫിന് അറിയാത്ത കാര്യമല്ലെന്നും മുഖ്യമന്ത്രിനിയമസഭയിൽ പറഞ്ഞു. എന്നാൽ കൊടകരകേസിൽ കെ സുരേന്ദ്രന് രക്ഷപ്പെടാൻ എല്ലാവഴികളും ഒരുക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.