Kerala

‘സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്’; കരുവന്നൂര്‍ തട്ടിപ്പില്‍ നേരിട്ട് ബന്ധമില്ലെന്ന് മൂന്നാംപ്രതി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് മൂന്നാം പ്രതിയും ബാങ്കിന്റെ സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സ്. ബാങ്കിലെ ക്രമക്കേടില്‍ സെക്രട്ടറിക്കും ഭരണസമിതിക്കുമാണ് പൂര്‍ണ ഉത്തരവാദിത്തം. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തത്. ബാങ്കിലെ ഓഡിറ്റ് റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും ജില്‍സ് ട്വന്റിഫോറിനോട് പറഞ്ഞു.

കരിവന്നൂര്‍ സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് ആയി എത്തിയ ജില്‍സ് പിന്നീട് സീനിയര്‍ ക്ലര്‍ക്കായി. അവിടെ നിന്നും അക്കൗണ്ടന്റും. ഭരണസമിതിയുടെയും സെക്രട്ടറിയുടെയും തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. ബാങ്കില്‍ നടക്കുന്ന മറ്റ് കാര്യങ്ങളിലോ, ലോണിന്റെ കാര്യങ്ങളിലോ ഇടപെട്ടിരുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റിന്റെ ചാര്‍ജായിരുന്നു ഏല്‍പ്പിച്ചിരുന്നത്…ജില്‍സ് പ്രതികരിച്ചു.

‘ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ പോലുള്ള മറ്റ് സ്റ്റാഫുകള്‍ കണ്ടിട്ട് പോലുമില്ല. സെക്രട്ടറിയും ഭരണ സമിതിയിലെ അംഗങ്ങളുമാണ് അതൊക്കെ കൈകാര്യം ചെയ്യുന്നത്. സ്റ്റാഫ്-സെക്രട്ടറി എന്ന ബന്ധം മാത്രമാണ് അവരുമായുള്ളത്. എന്താണ് യഥാര്‍ത്ഥത്തില്‍ ബാങ്കില്‍ സംഭവിച്ചതെന്നതിലും വ്യക്തതയില്ല’. ജില്‍സ് വ്യക്തമാക്കി.

അതിനിടെ കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ചോദ്യം ചെയ്തതോടെയുണ്ടായ വധഭീഷണിയില്‍ അന്വേഷണം അട്ടിമറിച്ചത് മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി മൊയ്തീന്റെ ഓഫീസ് ഇടപെട്ടെന്ന് ആരോപണമുയര്‍ന്നു. അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്ത് ക്രമക്കേട് ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്ത മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടാണ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേടുണ്ടെന്ന് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചയാളായിരുന്നു സുജേഷ്.