യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ സി.പി.എം അംഗീകരിച്ചതോടെ ഇടത് മുന്നണിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായി. പൊലീസ് നടപടിയെ തള്ളിപ്പറയേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിക്കുമ്പോഴും മുന്‍നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സി.പി.ഐ വ്യക്തമാക്കുന്നത്.സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് കേന്ദ്രനേതൃത്വത്തിന്റെ വ്യത്യസ്ത അഭിപ്രായം സി.പി.എമ്മിനുള്ളിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ സി.പി.എം സംസ്ഥാനനേതൃത്വം ന്യായീകരിക്കുമ്പോഴും മുന്നണിക്കുള്ളില്‍ കടുത്ത അതൃപ്തിയാണുള്ളത് .യുഎപിഎ കരിനിയമമാണെന്ന് പറയുകയും സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുമ്പോള്‍ ആ നിയമമെടുത്ത് പ്രയോഗിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നാണ് സി.പി.ഐ അടക്കമുള്ള മറ്റ് ഘടകകക്ഷികളുടെ വികാരം. പൊലീസിനെ സി.പി.എം സംസ്ഥാന നേതൃത്വം പിന്തുണക്കുമ്പോഴും ഒരടി പോലും പിന്നോട്ടില്ലെന്നാണ് സി.പി.ഐ വ്യക്തമാക്കുന്നത്. ഇടത് നയത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്പോള്‍ അത് തിരുത്തേണ്ടത് മുന്നണിയിലെ പ്രധാനഘടകകക്ഷിയെന്ന നിലയില്‍ സി.പി.ഐയുടെ ബാധ്യതയാണെന്ന് നേതാക്കള്‍ പറയുന്നു. പൊലീസിന് അമിതാധികാരം നല്‍കിയാല്‍ അത് ദോഷം ചെയ്യുമെന്നും സി.പി.ഐ വ്യക്തമാക്കുന്നു. യു.എ.പി.എ വിഷയത്തില്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാടാണ് സി.പി.ഐയുടെ മറ്റൊരു പിടിവള്ളി.
അതേസമയം പിണറായി വിജയനോട് എല്ലാക്കാലത്തും അനൂകൂലനിലപാട് സ്വീകരിച്ചിട്ടുള്ള പ്രകാശ് കാരാട്ടിന്റെ പ്രസ്താവന സംസ്ഥാന നേതൃത്വത്തേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അലനും താഹക്കുമെതിരായ കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ റിപ്പോര്‍ട്ടും പൊലീസ് നിരത്തിയ തെളിവുകളും വിശദീകരിച്ച് കേന്ദ്രനേതൃത്വത്തെ കാര്യങ്ങല്‍ ബോധ്യപ്പെടുത്താമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. ഒരു കാര്യം ഉറപ്പാണ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയാണ് യു.എ.പി.എ, മാവോയിസ്റ്റ് വേട്ട വിഷയങ്ങളിലൂടെ സി.പി.എമ്മില്‍ ഉണ്ടായിരിക്കുന്നത്