Kerala

ഇല്ലാത്ത കാര്യം കെട്ടിവയ്ക്കാന്‍ സമ്മതിക്കില്ല; കാട്ടാക്കട മര്‍ദനത്തില്‍ ന്യായീകരണവുമായി സിഐടിയു

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച കേസില്‍ പ്രതികളെ വീണ്ടും ന്യായീകരിച്ച് സിഐടിയു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രേമനനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

പൊലീസിനെ ഏല്‍പ്പിക്കാന്‍ ഉന്തി തള്ളി കൊണ്ടുപോവുക മാത്രമാണ് തൊഴിലാളികള്‍ ചെയ്തത്. ഇല്ലാത്ത കാര്യം തൊഴിലാളികളുടെ മേല്‍ വച്ച് കെട്ടാന്‍ സമ്മതിക്കില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രതികളുടെ മേല്‍ മുന്‍പ് ഒരു പെറ്റി കേസ് പോലും ഇല്ലെന്നും പരാതിക്കാരന്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

അതേസമയം പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും പൊലീസിന് വീഴ്ചയുണ്ടായതായി പറയാന്‍ പറ്റില്ലെന്നായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. കെഎസ്ആര്‍ടിസി മാനേജ്മെന്റ് പ്രതികളെ ആദ്യമേ സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടിയെടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ട്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുക എളുപ്പമല്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.