മേലുദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ കാണാതായ പൊലീസ് സർക്കിൾ ഇൻസ്പെക്ടര്‍ നവാസിനെ കണ്ടെത്താനായിട്ടില്ല. എ.സി.പി സുരേഷ് കുമാര്‍ വ്യക്തിഹത്യ നടത്തിയതിലെ മനോവിഷമത്തിലായിരുന്നു നവാസെന്ന് കാണിച്ച് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നവാസ് തേവരയിലെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ സിസി ടിവി ദ്യശ്യങ്ങള്‍ലഭിച്ചു.
എ.സി.പി വയർലെസിലൂടെ വ്യക്തിഹത്യ നടത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നവാസിനെ എ.സി.പി മുൻപും മാനസികമായി പീഡിപ്പിച്ചിരുന്നു. തിരോധാനത്തിന് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലന്നും വയർലെസ് വിവരങ്ങൾ പരിശോധിക്കണമെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ മേലുദ്യോഗസ്ഥരില്‍ നിന്നും പീഡനമുണ്ടായെന്ന തരത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്നും കൊച്ചി ഡി.സി.പിയെ അന്വേഷണ ചുമതല ഏല്‍പിച്ചതായും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
എ.സി.പി വയർലെസിലൂടെ നവാസിനെ അപമാനിക്കുന്നത് താൻ കേട്ടുവെന്നും നശിപ്പിക്കപ്പെട്ടിട്ടില്ലങ്കിൽ സംഭാഷണത്തിന്റെ റെക്കോഡ് കണ്ടെടുക്കാനാവുമെന്നും സഹപ്രവര്‍ത്തകന്‍ പറഞ്ഞു. ഇന്നലെ രാവിലെ എറണാകുളം സെന്‍ട്രല്‍ സേറ്റഷനില്‍ നിന്നും തേവര എ.ടി.എമ്മിലെത്തി പണം പിന്‍വലിച്ചതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു. രാവിലെ ആറ് മണിയോടെയാണ് പണം പിന്‍വലിച്ചത്.