India Kerala

ബീച്ച് ചര്‍ച്ച് ആക്രമണം; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണത്തെ പ്രധാന വിഷയങ്ങളിലൊന്നാണ് ബീച്ച് ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണം. ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ കടുത്ത അമര്‍ഷമാണ് പള്ളി അധികൃതര്‍ പങ്ക് വെക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കൂട്ടായ തീരുമാനം കൈക്കൊള്ളുമെന്ന് പള്ളി വികാരി മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ മാസം 18ന് അര്‍ധ രാത്രിയാണ് ഒരു സംഘം മഞ്ചേശ്വരത്തെ ബീച്ച് ചര്‍ച്ചിന് നേരെ ആക്രമണം നടത്തിയത്. ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിന് ഇത് വരെയും പ്രതികളെ പിടിക്കാനായില്ല. അക്രമികളുടെ സിസി ടിവി ദൃശ്യങ്ങളടക്കമുണ്ടായിട്ടും ഇത് വരെയും പ്രതികളെ പിടിക്കാത്തത് ആരുടെയൊക്കെയോ സമ്മര്‍ദ്ദം കാരണമാണെന്ന് സംശയിക്കുന്നതായി പള്ളി വികാരി പറയുന്നു.

ഇത്തവണ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ വിശ്വാസി സമൂഹം കൂട്ടായി ഒരു തീരുമാനമെടുക്കുമെന്നും വിശ്വാസികള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങളില്‍ സഹായിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ തിരിച്ച് സഹായിക്കുമെന്നും പള്ളി വികാരി പറഞ്ഞു. മണ്ഡലത്തില്‍ ആറായിരത്തിലധികം വോട്ടാണ് ക്രിസ്തീയ വിഭാഗത്തിനുള്ളത്. നേരത്തെ ലോക്കല്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട് .