India Kerala

ചര്‍ച്ച് ആക്ട് കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ക്രൈസ്തവ സഭ

ചര്‍ച്ച് പ്രോപര്‍ട്ടീസ് ബില്‍ നിയമമാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ക്രൈസ്തവ സഭകള്‍. കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ മതനിരപേക്ഷതക്ക് എതിരാണെന്ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ യോഗം വിലയിരുത്തി. ബില്ലില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സഭ തീരുമാനിച്ചു.

ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് ക്രൈസ്തവ സഭകള്‍ ഇതിനെതിരെ രംഗത്ത് വന്നത്. ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷന്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ബില്ലില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ബില്ല് സ്വീകാര്യമല്ലെന്നും സഭ നേതൃത്വം അറിയിച്ചു.

നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ കൊണ്ടുവരുന്ന ബില്ലില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ക്രൈസ്തവ സഭകള്‍ അറിയിച്ചു. ബില്ലിലുള്ള എതിര്‍പ്പ് സര്‍ക്കാരിനെയും കമ്മീഷനെയും രേഖാമൂലം അറിയിക്കാനും തീരുമാനമായി. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്സ്, യാക്കോബായ, സീറോ മലബാര്‍, മാര്‍ത്തോമ മലങ്കര എന്നിങ്ങനെ എട്ടോളം സഭകളിലെ മേലധ്യക്ഷന്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്.