Kerala

ന്യൂനപക്ഷ ഫണ്ട് വിതരണത്തില്‍ അനീതിയെന്ന് ക്രിസ്ത്യന്‍ സഭാ നേതാക്കള്‍; പ്രതികരിക്കാതെ സംസ്ഥാന സർക്കാർ

സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്‍റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന പരാതി ക്രിസ്ത്യന്‍ സഭാനേതാക്കള്‍ പ്രധാനമന്ത്രിയുടെ മുന്നിലെത്തിച്ചിട്ടും പ്രതികരിക്കാതെ സംസ്ഥാന സർക്കാർ. ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണാനുപാതത്തില്‍ പ്രശ്നമുണ്ടെന്ന ആരോപണവും സഭ പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. ന്യൂനപക്ഷ വകുപ്പ് മുസ്‍ലിം ക്ഷേമ വകുപ്പായി പ്രവർത്തിക്കുന്നുവെന്ന ആരോപണമടങ്ങിയ ലേഖനം ദീപിക പത്രത്തിലും വന്നു.

പ്രധാനമന്ത്രിയുമായി സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭാ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം ന്യൂനപക്ഷ വകുപ്പിന്‍റെ ഫണ്ട് വിനിയോഗം സംബന്ധിച്ച പരാതി ആയിരുന്നു. സ്കോളർഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ പദ്ധതികള്‍ 80 – 20 അനുപാതത്തിലാണ് കേരളത്തില്‍ വിതരണം ചെയ്യുന്നതെന്നാണ് സഭാ നേതൃത്വം ഉന്നയിക്കുന്ന പ്രധാന പരാതി. ന്യൂനപക്ഷ വകുപ്പിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ല തുടങ്ങിയ പ്രശ്നങ്ങളും ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദീപിക ദിനപത്രത്തില്‍ വന്ന ലേഖനത്തില്‍ ന്യൂനപക്ഷ വകുപ്പിലെ മന്ത്രി കെ ടി ജലീലിനുമെതിരെ രൂക്ഷ വിമർശമാണ് ഉയർത്തിയത്. സിമി മുന്‍ പശ്ചാത്തലമുള്ള വ്യക്തി പിണറായി മന്ത്രിസഭയിലായാലും എത്ര മനോഹരമായി വർഗീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നുവെന്ന പരാമർശം പോലുമുണ്ട് ദീപികയിലെ ലേഖനത്തില്‍.

ഫേസ് ബുക്ക് കുറിപ്പിലെ കമന്‍റുകള്‍ക്ക് പോലും മറുപടി പറയുന്ന മന്ത്രി കെ ടി ജലീല്‍ പക്ഷേ തനിക്കും വകുപ്പിനുമെതിരെ ഉയർന്ന ആരോപണങ്ങളോട് ഇതുവരെ സാമൂഹിക മാധ്യമങ്ങളിലൂടെ പോലും പ്രതികരിച്ചിട്ടില്ല. സർക്കാരിന്‍റെ പ്രവർത്തനം സംബന്ധിച്ച പരാതി പ്രധാമന്ത്രിക്ക് മുന്നിലെത്തിയിട്ടും മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഇതു സംബന്ധിച്ച പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.