പ്രളയക്കെടുതി ബാക്കിവെച്ച ഓര്‍മകളിലാണ് ഇത്തവണ ചിങ്ങം പുലരുന്നത്. പ്രളയദുരിതത്തിന് ഇനിയും അറുതിയായില്ലെങ്കിലും കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് ചിങ്ങത്തിന്റെ പുലരിയിലേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. മലയാള വര്‍ഷാരംഭം കൂടിയാണ് ചിങ്ങം ഒന്ന്. മണ്ണില്‍ അധ്വാനിച്ചതെല്ലാം പ്രളയം കവര്‍ന്നെടുത്ത കര്‍ഷകന്റെ നെഞ്ചിലെ വിങ്ങലാണ് ഈ ചിങ്ങപ്പുലരി.
വിളഞ്ഞ് നില്ക്കുന്ന നെല്‍ക്കതിരുകള്‍ കണ്ണിന് കാഴ്ചയാകുന്ന ആ ചിങ്ങത്തിലേക്കല്ല ഇത്തവണ മലയാളി മിഴി തുറക്കുന്നത്. പേമാരി പെയ്തിറങ്ങി പുഴയും വയലും ഒന്നിച്ച് കര്‍ഷകന്റെ കണ്ണീരായി ഒഴുകുന്ന ഒരു കാലത്തിലൂടെ. പഞ്ഞമാസം മാത്രമായിരുന്നില്ല ചിങ്ങത്തിന് മുന്നേയുള്ള കര്‍ക്കിടകം. ഒഴുക്കികൊണ്ട് പോയത് നിരവധി മലയാളികളുടെ പ്രതീക്ഷകളാണ്. വാഴയും നെല്ലും പച്ചക്കറിയുമെല്ലാം ഈ ചിങ്ങപ്പിറവിയ്ക്ക് മുന്നേ തന്നെ നഷ്ടമായി കര്ഷകന്. മഴക്കോളൊഴിഞ്ഞ ചിങ്ങമാസത്തിന്റെ പ്രതീക്ഷയാണ് ഇനിയുള്ളത്. മുറ്റത്ത് പൂക്കളങ്ങള്‍ തീര്‍ക്കുന്ന ഓണക്കാലവുമിങ്ങെത്തി. പ്രളയത്തെ ഒന്നായി നേരിട്ട ആ മനസ്സുമായി പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കാം.