Kerala

മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായി ലക്ഷങ്ങൾ മുടക്കി പുതിയ വാഹനങ്ങൾ വാങ്ങുന്നു

മുഖ്യമന്ത്രി പിണറായി വിജയൻറെ എസ്കോർട്ടിനായി നാല് പുതിയ വാഹനങ്ങൾ വാങ്ങുന്നു. മൂന്ന് ഇന്നോവ ക്രസ്റ്റയും ഒരു ടാറ്റ ഹരിയാറുമാണ് വാങ്ങുന്നത്. 62.46 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനങ്ങൾ വാങ്ങുന്നത്. പ്രത്യേക കേസായി പരിഗണിച്ച് ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങൾ മുടക്കി നാല് കാറുകൾ വാങ്ങാനുള്ള നടപടി.

കഴിഞ്ഞ മെയ് 29നാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയുടെ എസ്കോർട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രസ്റ്റ കാറുകൾ മാറ്റി പുതിയത് വാങ്ങണമെന്ന് ആഭ്യന്തര വകുപ്പിന് കത്തെഴുതിയത്. വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാൽ പകരം പുതിയ കാറുകൾ വാങ്ങാൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ഈ അപേക്ഷയിലാണ് ഇന്നലെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നാല് ആഡംബര കാറുകൾ വാങ്ങുന്നതിന് അനുമതി നൽകിയത്.

പൈലറ്റ് എക്സ്കോർട്ട് സർവീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. രണ്ട് വാഹനങ്ങൾ ടൂറിസം വകുപ്പിന് വേണ്ടിയാണ് ഉപയോഗിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ന്യായീകരണം. അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി ഈ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും വകുപ്പ് ചൂണ്ടികാട്ടി.