അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ, അതിനെതിരായി ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റിലൂടെ ഓർമ്മിപ്പിക്കുന്നു.
ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുകയും പൗരസ്വാതന്ത്ര്യങ്ങൾ നിർത്തലാക്കുകയും ചെയ്ത ദേശീയ അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ആരംഭിച്ചത് 47 വർഷങ്ങൾക്ക് മുമ്പാണ്. 19 മാസത്തിന് ശേഷമാണ് ഇന്ത്യ അത് മറികടന്നത്. എന്നിരുന്നാലും, ഇന്ന് നമ്മുടെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണി നേരിടുകയാണ്. അതിനെതിരായി ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു.
അടിയന്തരാവസ്ഥയെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ് പലപ്പോഴും വിലയിരുത്തുന്നത്. ഇക്കാലയളവില്‍ ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ള മൗലിക അവകാശങ്ങള്‍ പോലും ഹനിക്കപ്പെട്ടു. ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാവുകയും മാധ്യമ സ്ഥാപനങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു.
ജൂണ്‍ 25 അര്‍ദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദും തമ്മിലുള്ള ദീര്‍ഘ നേരത്തെ സംഭാഷണത്തിനൊടുവിലാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിരവധി പ്രതിപക്ഷ നേതാക്കളെ അന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മിക്ക പത്ര മാധ്യമ സ്ഥപനങ്ങളുടെയും വൈദ്യുതി ബന്ധം പോലും അന്ന് സര്‍ക്കാര്‍ വിച്ഛേദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള് ഇന്ത്യ റേഡിയോയിലൂടെയാണ് പ്രധാനമന്ത്രി അന്ന് അടിയന്തരാവസ്ഥ നിലവില്‍ വന്ന കാര്യം ജനങ്ങളെ അറിയിച്ചത്.
പ്രതിസന്ധിഘട്ടത്തിലും അന്നത്തെ ഇന്ത്യൻ യൗവനം കാഴ്ച്ചക്കാരായി നിന്നില്ല, തെരുവുകളിൽ ഇന്ത്യയെന്നാൽ ഇന്ദിരയല്ലെന്നും ഇന്ദിരയെന്നാൽ ഇന്ത്യയല്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയർന്നു. ഒടുവിൽ, 1977 ൽ ഇന്ദിരഗാന്ധി തന്നെ അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. രാജ്യം മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടിയെ അധികാരത്തിലേറ്റി പ്രതികാരം ചെയ്തു. ചരിത്രത്തിലാദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിപക്ഷത്താവുകയും ചെയ്തു.