ലത്തീൻ അതിരൂപതയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളിൽ തങ്ങൾക്ക് നല്ല ഉദ്ദേശ്യം മാത്രമാണ്. എതിർക്കുന്നവർ അവർ എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് വ്യക്തമാക്കണം. ചിലർ വിചാരിക്കുന്നു അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ഏതൊരു നല്ല കാര്യത്തിനും എതിർക്കാൻ ആളുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടക വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ വിളിച്ചു. അപ്പോൾ ഒരു ഭാഗത്ത് നിന്ന് ഇത് പറ്റിക്കലാണെന്ന് സന്ദേശം വന്നു. ആരും ചടങ്ങിന് പങ്കെടുക്കരുതെന്ന് ആഹ്വനം ചെയ്തു. ചിലർ വിചാരിക്കുന്നു, അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ചതി ആണ് ധനസഹായ വിതരണം എന്നു വരെ പ്രചരിപ്പിച്ചു. ഏതൊരു നല്ല കാര്യത്തിനും എതിർക്കാൻ ആളുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അത് ജനം അംഗീകരിക്കില്ല. ചതി ശീലമുള്ളവർക്കേ ഇങ്ങനെ പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ട അല്ല. ആരും സഹായം കൈപറ്റരുതെന്ന പ്രചാരണത്തിന് ഈ സ്ഥാനത്ത് ഇരുന്ന് മറുപടി പറയുന്നില്ല. നാട്ടിലെ ജനങ്ങള്‍ ഇത്തരം കാര്യങ്ങളിലെന്നല്ല എല്ലാ കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. ഈ കാര്യത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ മത്സ്യതൊഴിലാളികള്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ചടങ്ങിലേക്ക് ഇത്രയധികം മത്സ്യതൊഴിലാളികള്‍ എത്തിയത്. എന്താണോ ചെയ്യാന്‍ പറ്റുന്നത് അത് സര്‍ക്കാര്‍ ചെയ്യും. അതെ പറയാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.