India Kerala

രാധാകൃഷ്ണന് മാനസികാസ്വാസ്ഥ്യമുണ്ട്; ബാബുവിനെ രക്ഷിച്ച സംഘത്തിലും ഉണ്ടായിരുന്നു എന്ന് വനംവകുപ്പ്

പാലക്കാട് ചെറാട് കൂർമ്പാച്ചി മലയിൽ നിന്ന് രക്ഷപ്പെടുത്തിയ രാധാകൃഷ്ണന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വനംവകുപ്പ്. കുറേ കാലമായി ഇവിടെയൊക്കെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആളാണ്. മറ്റ് ജോലികളൊന്നും ഇല്ല. ഇയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് മൂന്ന് സ്ഥലങ്ങളിൽ പോയി രാധാകൃഷ്ണൻ ടോർച്ച് അടിച്ചിരുന്നു. നേരത്തെ ബാബുവിനെ രക്ഷിക്കാൻ പോയ സംഘത്തിലും രാധാകൃഷ്ണൻ ഉണ്ടായിരുന്നു എന്നും വനംവകുപ്പ് പറയുന്നു.

മലയിൽ കൂടുതൽ ആളുകളുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ടോ മൂന്നോ ഫ്ലാഷ് ലൈറ്റുകൾ മലയിൽ കണ്ടു എന്നും ഒന്നിൽ കൂടുതൽ ആളുകൾ മലയിലുണ്ട് എന്നും ആളുകൾ പറയുന്നു. എന്നാൽ, ഇത് വനംവകുപ്പ് നിഷേധിച്ചു. തങ്ങൾ ഫ്ലാഷ് ലൈറ്റുകളുടെ ചിത്രം എടുത്തിട്ടുണ്ടെന്നും പിന്നെ എങ്ങനെ ഇത് നിഷേധിക്കാൻ കഴിയുമെന്നും ആളുകൾ ചോദിക്കുന്നു. തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല എന്നാണ് രാധാകൃഷ്ണൻ നൽകിയ മൊഴി.

മലയുടെ പരിസരം ഈ യുവാവിന് കൃത്യമായി അറിയാമായിരുന്നെന്നാണ് പ്രദേശവാസികൾ വിലയിരുത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തി ബേസ് ക്യാംപിൽ എത്തിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ജീപ്പിൽ അവരെ കൊണ്ടുവരികയാണെന്ന് മാധ്യമപ്രവർത്തകൻ ജോൺ വർഗീസ് 24നോട് പറഞ്ഞു. തിരച്ചിലിനു പോയ മുഴുവൻ സംഘങ്ങളും തിരികെ എത്തി. വഴി തെറ്റിപ്പോയതാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു എന്നാണ് വിവരം. വൈകിട്ട് 6 മണിയോടെയാണ് രാധാകൃഷ്ണൻ മലയിലേക്ക് പോയത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇതിനു ശേഷം മറ്റ് നടപടികൾ തീരുമാനിക്കും.

മലയിടുക്കിൽ നിന്നും സൈന്യം ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മറ്റ് യാത്രക്കാർ വിലക്കുകൾ ലംഘിച്ച് മലയിലേക്ക് കടന്നതാകാമെന്നായിരുന്നു വെളിച്ചം കണ്ടപ്പോൾ നാട്ടുകാർ സംശയിച്ചിരുന്നത്. എന്നാൽ ഇത്തരം ആശങ്കകൾക്കെല്ലാം രാധാകൃഷ്ണനെ കണ്ടെത്തിയതോടെ അവസാനമാകുകയാണ്. പ്രദേശവാസി തന്നെയായ രാധാകൃഷ്ണൻ എന്തെങ്കിലും ആവശ്യത്തിനായി പോയി തിരിച്ചുവരുന്നതിനിടെ വഴി തെറ്റിയതാകാമെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ നാളെ മന്ത്രി തല യോഗം നടക്കും. നാളെ രാവിലെ എട്ട് മണിക്ക് പാലക്കാട് വച്ചാണ് യോഗം. വനം മന്ത്രിയും റവന്യൂ മന്ത്രിയും ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കും.