Kerala

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ നിയസമഭയെ കരുവാക്കുന്നുവെന്ന് പ്രതിപക്ഷം

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ സംസ്ഥാന സർക്കാർ നിയസമഭയെ കരുവാക്കുന്നുവെന്ന് പ്രതിപക്ഷം. എന്‍ഫോഴ്സെമെന്‍റ് ഡയറക്ടറേറ്റിന് അവകാശലംഘന നോട്ടീസ് നല്‍കിയ സ്പീക്കറുടെ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലൈഫ് ഫയലുകള്‍ ശേഖരിച്ച വിജിലന്‍സിന് എന്ത് കൊണ്ട് നോട്ടീസ് നല്കിയില്ലെന്ന് വി.ഡി സതീശനും ചോദിച്ചു.

ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ഏജന്‍സി ഫയല്‍ പരിശോധിക്കുന്നത് എങ്ങനെ സഭയില് മുഖ്യമന്ത്രി നല്കുന്ന ഉറപ്പു പാലിക്കുന്നതിന് തടസമാക്കുന്നു. ഇത് സഭയുടെ അവകാശങ്ങളുടെ ലംഘനമാകുമെന്നതെങ്ങനെ, 11ന് നടക്കാനിരുന്ന പ്രിവിലേജ് കമ്മറ്റി നേരത്തെ വിളിച്ച് അതിവേഗത്തില്‍ നടപടിയെടുത്തതിന് പിന്നിലെ ഉദ്ദേശം ശരിയോ.. പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്. അവകാശ ലംഘന നോട്ടീസ് നല്‍കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്തും നല്‍കി. പൊലീസിനെയും ബാലാവകാശ കമ്മീഷനെയും കേന്ദ്ര അന്വേഷണം തടസപ്പെടുത്താന്‍ ഉപയോഗിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.

നിയമസഭാ സമിതി ഇല്ലാത്ത അധികാരം പ്രയോഗിച്ചെന്നാണ് വി.ഡി സതീശന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. ആദ്യം ഫയല്‍ കൊണ്ടുപോയ വിജിലന്‍സിനെതിരെ നടപടിയെടുക്കാത്തതെന്തെന്നും സതീശന്‍ ചോദിക്കുന്നു.