ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ പ്രതിപക്ഷം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ കെ സുരേന്ദ്രന്‍ തമ്മിലെ കൂട്ടുകെട്ടാണ് സംസ്ഥാനത്ത്. സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രതിപക്ഷം നിരന്തം പറയുന്നതാണ്. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎം ബി.ജെ.പിയുമായി കൈകോര്‍ത്തിരിക്കുകയാണ്. ആ ഗൂഢാലോചനയാണ് ബാലശങ്കറിന്റെ തുറന്ന് പറച്ചിലിലൂടെ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ചെങ്ങന്നൂരില്‍ പരിഗണിച്ചിരുന്ന തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്നായിരുന്നു ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍. കേരളത്തിലെ നേതാക്കൾക്ക് മാഫിയ സ്വഭാവമാണുള്ളതെന്നും ബാലശങ്കര്‍ വിമര്‍ശിച്ചിരുന്നു.
വിവിധ മത സംഘടനകളും സാമുദായിക സംഘടനകളും ഒരു പോലെ മണ്ഡലത്തില്‍ തന്‍റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്നിട്ടും തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ധാരണ മൂലമാണെന്നായിരുന്നു ബാലശങ്കറിന്‍റെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലും ആറന്മുളയിലും തോറ്റുകൊടുത്ത് സി.പി.എമ്മിന്‍റെ വിജയം ഉറപ്പാക്കുകയും, പകരം കോന്നിയിൽ വിജയിക്കുകയും ചെയ്യുക എന്നതാകാം ധാരണ എന്നായിരുന്നു ബാലശങ്കറിന്‍റെ പ്രതികരണം.