ബിനീഷ് കോടിയേരി മയക്ക്മരുന്ന് കച്ചവടത്തിലൂടെ കോടികൾ ഉണ്ടാക്കിയത് പാർട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദർശം പ്രസംഗിക്കുകയും അധോലോക പ്രവർത്തനം നടത്തുകയും ചെയ്യുന്ന പാർട്ടിയായി സി.പി.എം മാറിയെന്നും ചെന്നിത്തല കാസർകോട് പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍റെ വീട്ടിലെ റെയ്ഡ് സിപിഎം ജീര്‍ണതയുടെ ഫലമാണ്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൌനം ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.
ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രതി ചേര്‍ത്ത ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയാണ്. തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ വീടിന് പുറമേ ടോറസ് റെമഡീസ്, കാർ പാലസ്, കെ.കെ ഗ്രാനൈറ്റ്സ് എന്നീ സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. അരുവിക്കര സ്വദേശി അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിലും റെയ്ഡുണ്ട്. കണ്ണൂര്‍ ധര്‍മടത്ത് ബിനീഷിന്‍റെ സുഹൃത്ത് മുഹമ്മദ് അനസിന്‍റെ വീട്ടിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്.