Kerala

സെക്രട്ടേറിയേറ്റിലെ തീപിടിത്തം അന്വേഷണം അട്ടിമറിച്ചു

സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തെ ഐജി ശകാരിച്ചെന്ന് രമേശ് ചെന്നിത്തല. സർക്കാരിനെ ഭയന്ന് ഫോറൻസിക് ഡയറക്ടർ സ്വയം വിരമിക്കൽ അപേക്ഷ കൊടുത്തുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.എന്നാൽ ഈ ആരോപണത്തിന് വിശദീകരണവുമായി പൊലീസും രംഗത്തെത്തി.

സെക്രട്ടറിയേറ്റിൽ നടന്നത് സെലക്ടഡ് തീപിടിത്തമാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തല, തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ എത്തിയ പിറ്റേന്ന് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലെ ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ശകാരിച്ചതായി പറഞ്ഞു. ഇനിയുള്ള ഫോറൻസിക് കെമിക്കൽ റിപ്പോർട്ട് കോടതിയിൽ നൽകരുതെന്ന് ഐ ജി ഉദ്യോഗസ്ഥരോട് പറഞ്ഞതായി രമേശ് ചെന്നിത്തല ആരോപിച്ചു. 2022 വരെ സർവീസുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ വോളന്‍ററി റിട്ടയർമെൻറിന് അപേക്ഷ കൊടുത്തത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എന്നാൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ അനുമതി തേടിയത് തീപിടിത്തം ഉണ്ടാകുന്നതിന് രണ്ട് മാസം മുൻപായ 2020 ജൂൺ 23നാണെന്ന് പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. പിന്നീട് സർവീസിൽ തുടരുവാൻ അനുമതി നൽകണമെന്ന് അപേക്ഷിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിനുള്ള പൊലീസ് വിശദീകരണം.