Kerala

പ്രളയ ഫണ്ട്‌ തട്ടിപ്പില്‍ രണ്ടാമത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ആദ്യ കേസില്‍ കുറ്റപത്രമായില്ല

എറണാകുളം ജില്ലയിലെ പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കലക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാല്‍ സിപിഎം നേതാക്കൾ ഉൾപ്പെട്ട ആദ്യ കേസിൽ ആറ് മാസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

പ്രളയ ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ നിധിയില്‍ നിന്ന് വ്യാജ രസീതുണ്ടാക്കി പണം തട്ടിയെടുത്ത രണ്ടാമത്തെ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രേഖകൾ സഹിതം 600 പേജുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുകയിൽ നിന്ന് 77 ലക്ഷത്തോളം രൂപ വ്യാജ രസീത് ഉണ്ടാക്കി തട്ടിയെടുത്തതായി കണ്ടെത്തിയ രണ്ടാമത്തെ കേസിലാണ് കുറ്റപത്രം. വിഷ്ണു പ്രസാദ് മാത്രമാണ് നിലവിൽ ഈ കേസിലെ പ്രതിപട്ടികയില്‍ ഉള്ളത്.

അതേസമയം സിപിഎം നേതാക്കളടക്കം പ്രതികളായ ആദ്യ കേസില്‍ ആറു മാസത്തിന് ശേഷവും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗങ്ങളായിരുന്ന എം.എം അന്‍വര്‍, എന്‍.എന്‍ നിധിന്‍, വിഷ്ണുപ്രസാദ് തുടങ്ങി ഏഴ് പ്രതികളാണ് ഈ കേസില്‍ പിടിയിലായത്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 28 ലക്ഷം രൂപ വിഷ്ണുവിന്‍റെയും സിപിഎം നേതാക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

ഇതേ കേസില്‍ വകുപ്പുതല അന്വേഷണവും നടന്നിരുന്നു. കലക്ട്രേറ്റില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ കൃത്യവിലോപവും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു.