Kerala

ചാർജ് വർധന: ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്‌

ബസ് ചാർജ് വർധനവ് നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകൾ. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതിനാലാണ് സമരത്തിൽ നിന്നും പിൻമാറിയത്. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ടാക്സ് ഇളവും നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും നിരക്കു വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും. ഏഴായിരത്തിയഞ്ഞൂറ് സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്കും വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ വിദ്യാര്‍ത്ഥി സംഘടനകൾ ഇതിനെ എതിർക്കുന്നു. മിനിമം ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഉടൻ സർക്കാർ തീരുമാനം ഉണ്ടാവാനാണ് സാധ്യത.