സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. തെക്ക് കിഴക്ക് അറബിക്കടലിനോട് ചേർന്നുള്ള കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ മഴയും കാറ്റും തുടരുന്നുണ്ട്.