സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് കേരളം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. അനുകൂലിച്ചും എതിർത്തും കേരളം രണ്ടായി പിരിഞ്ഞിരിക്കുകയാണെങ്കിലും പദ്ധതി ബജറ്റിൽ ഇടംപിടിക്കും എന്നാണ് സർക്കാരിൻറെ പ്രതീക്ഷ. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും കേരളത്തിലെ ബിജെപിയും ആവർത്തിക്കുമ്പോഴും സംസ്ഥാന സർക്കാർ പ്രതീക്ഷ കൈവിട്ടിട്ടില്ല. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം. കേന്ദ്രത്തിൻ്റെ ഓഹരിയായി 2150 കോടി രൂപയും റെയിൽവേയുടെ കൈവശമുള്ള 975 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് ആഗ്രഹം. ബജറ്റിലെ വൻകിട പദ്ധതികളിൽ സിൽവർ ലൈനും ഇടം നേടിയൽ എതിർപ്പുകൾ ഇല്ലാതാകുമെന്നും പദ്ധതിയുമായി മുന്നോട്ടുപോകാൻ ആകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
പതിവ് പോലെ എയിംസും, റെയിൽവേ പാത ഇരട്ടിപ്പിക്കൽ, റെയിൽവേ സോൺ, ശബരിപാതയുമൊക്കെ ഇക്കുറിയും പ്രതീക്ഷകളുടെ പട്ടികയിലുണ്ട്. കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിക്കുകയും മലബാർ ക്യാൻസർ സെൻററിനെ രാഷ്ട്രീയ ആരോഗ്യ നിധിയിൽ ഉൾപ്പെടുത്തുകയും വേണമെന്ന് ധനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. റബ്ബറിന് താങ്ങ് വിലയും വിളകൾക്ക് പ്രത്യേക സഹായവുമാണ് കാർഷിക മേഖലയിലെ സ്വപ്നങ്ങൾ.
കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക പാക്കേജാണ് മറ്റൊരു പ്രതീക്ഷ. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവർഷത്തേക്ക് നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ്പാ പരിധി ഉയർത്തുകയും വൻകിട പദ്ധതികൾക്കായി എടുക്കുന്ന വായ്പകളെ ധന ഉത്തരവാദ നിയമത്തിൽ നിന്ന് ഒഴുവാക്കുകയും വേണം. മടങ്ങി എത്തുന്ന പ്രവാസികൾക്ക് പ്രത്യേക പാക്കേജും കേരളം പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തിലൂടെ കടന്നു പോകുന്നതിനിടെ സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവ്വേ ഇന്ന് പാർലമെൻറിന് മുന്നിൽ വയ്ക്കും. കടമെടുപ്പ് പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളിൽ ബജറ്റിൽ അനുകൂല നിലപാട് ഉണ്ടായൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അത് ഗുണകരമാകും.