ബാലഭാസ്‌കറിന്റെ മരണത്തിൽ നുണപരിശോധന നടത്താൻ സിബിഐ. കലാഭവൻ സോബിയേയും പ്രകാശൻ തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് സിബിഐയുടെ തീരുമാനം. കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾക്ക് അടിസ്ഥാനമില്ലെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. നുണപരിശോധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിക്കാനാണ് സിബിഐയുടെ തീരുമാനം.
ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപ് ആക്രമിക്കപ്പെട്ടുവെന്നായിരുന്നു കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ. ഇതിന് സാക്ഷിയായിരുന്നുവെന്നും കലാഭവൻ സോബി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലാഭവൻ സോബിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി സിബിഐ സംഘം തെളിവെടുത്തിരുന്നു. വിശദമായ മൊഴിയും രേഖപ്പെടപത്തിയ എന്നാൽ പരിശോധനയിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ നൽകുന്ന സൂചന.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശൻ തമ്പിയേയും കഴിഞ്ഞ ദിവസം സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും ഡ്രൈവറും കടയിൽക്കയറി ജ്യൂസ് കുടിച്ചിരുന്നു. അപകടത്തിന് ശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ജ്യൂസ് കടയിൽ നിന്ന് പ്രകാശൻ തമ്പി ശേഖരിച്ചത് വിവാദമായിരുന്നു. പ്രകാശൻ തമ്പി പറഞ്ഞതനുസരിച്ചാണ് ബാലഭാസ്‌കർ അന്നേ ദിവസം രാത്രി യാത്ര പുറപ്പെട്ടതെന്നതും കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇയാളുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശൻ തമ്പിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ തീരുമാനിച്ചത്.