Kerala

ആശാഭവനിലെ കുട്ടികൾക്കായി സദ്യ വിളമ്പി കത്തോലിക്ക ബാവ

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുവല്ലയിലെ ആശാഭവനിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു. കാതോലിക്കാ ബാവയുടെ ആശാഭവൻ സന്ദർശനത്തിന്റെ ഭാഗമായാണ് ആശാഭവൻ ഭാരവാഹികൾ ഓണാഘോഷം ഒരുക്കിയത്. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കാതോലിക്ക ബാവ നിർവഹിച്ചു.

കുട്ടികളോടൊപ്പം കാതോലിക്കാ ബാവ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുകയും അവരോടൊപ്പം ചേർന്ന് പൂക്കളവും സദ്യയും ഒരുക്കുകയും ചെയ്തു. ആശാഭവൻ അംഗങ്ങളുടെ കലാപ്രകടനങ്ങളും ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു.

കാതോലിക്കാ ബാവയുടെ ‘സഹോദരൻ’ പദ്ധതിയുടെ ഭാഗമായി നിരാലംബരായ അനേകർക്ക് സൗജന്യ ചികിത്സാ സഹായം, ഭവന നിർമ്മാണം, നിർധനരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. കെയർ ആൻഡ് ഷെയർ ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ, വാഹിദ് മാവുങ്കൽ, ആശാ ഭവൻ മദർ എലിസബത്ത് സിസ്റ്റർ, മറ്റ് ആശാഭവൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം ചടങ്ങിൽ മുഖ്യ സന്ദേശം നൽകി.