India Kerala

കശുവണ്ടി വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്

കാലിത്തീറ്റയെന്ന വ്യാജേന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നതുമൂലം കശുവണ്ടി വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് നികുതിയിനത്തില്‍ കോടികള്‍ നഷ്ടമാകുന്നതിന് പുറമെ ചെറുകിട ഫാക്ടറികളുടെ നിലനില്‍പും ഇതുമൂലം ഭീഷണിയിലാണ്.

ഇറക്കുമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങുകയാണ് കശുവണ്ടി വ്യവസായികളും തൊഴിലാളികളും. നിലവാരം കുറഞ്ഞ കശുവണ്ടി പരിപ്പുകൾക്കിടയിൽ മുറിഞ്ഞതും തൊലി ചേർന്നതുമായ പരിപ്പുകൾ കൂട്ടിക്കലർത്തി കാലിത്തീറ്റയെന്ന പേരിലാണ് പരിപ്പ് ഇറക്കുമതി ചെയ്യന്നത്.

കാഷ്യൂ വേസ്റ്റ്, ബ്രോക്കൺ കാഷ്യൂ, എന്നീ പേരുകളിലും ഇത്തരം കാലിത്തീറ്റപ്പരിപ്പ് പ്രമുഖ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍നിന്നും നിലവാരമുള്ള പരിപ്പ് തരംതിരിച്ച് വീണ്ടും കയറ്റുമതി ചെയ്യുന്നു. കാലിത്തീറ്റയായി വരുന്ന പരിപ്പിന് നികുതിയില്ലാത്തത് വന്‍കിട കമ്പനികള്‍ ചൂഷണം ചെയ്യുകയാണ്.

കശുവണ്ടി പരിപ്പിന്‍റെ ഗുണനിലവാരം പരിശോധിക്കേണ്ട കാഷ്യു എക്സ്പോര്‍ട്ട്സ് പ്രൊമോഷന്‍ കൌണ്‍സിലിന്‍റെ സഹായത്തോടെയാണ് ഇത്തരം ക്രമക്കേടുകൾ നടക്കുന്നതെന്നാണ് ആക്ഷേപം. ഇതോടെയാണ് കശുവണ്ടി വ്യവസായികളും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പരിപ്പിന്റെ ഇറക്കുമതി തടയുന്നതിനായി ഇറക്കുമതി ചുങ്കം നൂറ് ശതമാനം ഉയര്‍ത്തണമെന്നും വ്യാജപേരില്‍ പരിപ്പുകളിറക്കുന്ന കമ്പനികളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് വ്യവസായികളുടെ ആവശ്യം.