Kerala

വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കം; മാനന്തവാടി നഗരസഭാ കൗൺസിലർക്കെതിരെ കേസ്

വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കത്തിൽ മാനന്തവാടി നഗരസഭാ കൗൺസിലർക്കെതിരെ കേസ്. വിപിൻ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി . വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്.

കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവെക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനായി വനം വകുപ്പിന്റെ തെരച്ചിൽ തുടരുന്നു. കഴിഞ്ഞ 20 ദിവസമായി കടുവ ഭീതിയിലാണ് ഈ മേഖല. 30 പേരടങ്ങുന്ന ആറ് സംഘങ്ങളായാണ് തെരച്ചിൽ. വനത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ പയ്യമ്പള്ളി പുതിയിടത്താണ് കടുവയെ ഇന്നലെ കണ്ടത്. കടുവയുടെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം കടുവയെ പിടികൂടാനാകാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.