Kerala

സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ കള്ളക്കളിയാണ് എന്‍ഫോഴ്‌സ്‌മെന്റിന് എതിരായ കേസ്: രമേശ് ചെന്നിത്തല

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച് കേസ് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതാണ് കോടതി തള്ളിക്കളഞ്ഞത്. കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാനവും കള്ളനും പൊലീസും കളിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അത് ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായിരുന്നുവെന്നും രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നടത്തിയ പ്രഹസനമാണ് കോടതി ഇന്ന് തള്ളിക്കളഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടേതാണ് നടപടി. രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറും സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ അധികൃതര്‍ മുഖേന മജിസ്ട്രേറ്റിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലെടുത്ത എഫ്ഐആറുമാണ് റദ്ദാക്കിയത്. സന്ദീപ് നായരുടെ മൊഴി വിചാരണ കോടതിക്ക് പരിഗണിക്കാമെന്ന് കോടതി വിധിച്ചു. ക്രൈംബ്രാഞ്ച് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നടപടി.