Kerala

കോളജ് ഗ്രൗണ്ടിലെ കാര്‍ അഭ്യാസം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു

കോഴിക്കോട് മുക്കത്തെ കാര്‍ അഭ്യാസ പ്രകടനത്തില്‍ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കളംതോട് എംഇഎസ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പത്ത് കേസുകളാണ് മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ ഇന്ന് സമാനമായ മറ്റൊരു സംഭവത്തിലും മോട്ടോര്‍ വാഹന വകുപ്പും പൊലീസും കേസെടുത്തിരുന്നു.

അതിനിടെ ഇന്ന് മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്ഡറി സ്‌കൂളില്‍ അപകടകരമായി വാഹനം ഓടിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വിഡിയോ ദൃശ്യങ്ങളില്‍ നിന്നും കണ്ടാല്‍ അറിയുന്നവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തന്നെ കേസെടുത്തിരുന്നു.

അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആര്‍ടിഒ വ്യക്തമാക്കി. അതിരുവിട്ട ആഘോഷം സ്‌കൂള്‍ മൈതാനത്ത് നടന്നിട്ടും സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കര്‍ശനമായി ഇടപെടണമെന്നും കോഴിക്കോട് ആര്‍ടിഒ പി ആര്‍ സുമേഷ് പറഞ്ഞു.