Kerala

പി.എസ്.സിക്കെതിരെ പ്രതികരിച്ചതിന് ഉദ്യോഗാര്‍ഥിക്ക് വധഭീഷണി

മലപ്പുറം എടവണ്ണ സ്വദേശി ഹുദൈഫിനെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്, കാസർകോട് ജില്ലയിൽ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഹുദൈഫ്

പി.എസ്.സിക്കെതിരെ നവമാധ്യമത്തിലൂടെ പ്രതികരിച്ച ഉദ്യോഗാർഥിക്ക് വധഭീഷണി. മലപ്പുറം എടവണ്ണ സ്വദേശി ഹുദൈഫിനെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. കാസർകോട് ജില്ലയിൽ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഹുദൈഫ്. പി.എസ്.സി നിയമനം കാത്ത് കഴിയുന്ന ആയിരങ്ങളിൽ ഒരാളാണ് മലപ്പുറം എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി ഹുദൈഫ്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇത് വരെയും നിയമനമൊന്നുമായില്ല. ഒപ്പം പി.എസ്.സിക്കെതിരെ നിരവധി ആരോപണങ്ങളും.

ഈ നിരാശയിലാണ് പി.എസ്.സിയിൽ കെടുകാര്യസ്ഥതയാണെന്ന് സൂചിപ്പിച്ചു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. തുടർന്നാണ് ഒന്നിലധികം നമ്പറുകളിൽ നിന്നും വധഭീഷണി മുഴക്കിയുള്ള ഫോൺവിളികൾ ഹുദൈഫിനെത്തിയത്.

കാസർകോട് ജില്ലയിൽ ലാസ്റ്റ്ഗ്രേഡ് റാങ്ക് ഹോൾഡറാണ് ഹുദൈഫ്. ചാത്തല്ലൂരിലും പരിസരങ്ങളിലുമായി ഒട്ടേറെ ഉദ്യോഗാർത്ഥികൾ വിവിധ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ വന്ന വധഭീഷണിയിൽ മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ഹുദൈഫ് പരാതി നൽകിയിട്ടുണ്ട്.