2020-21 അധ്യയന വര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കി.
നേരത്തേ വിജ്ഞാപനം ചെയ്ത പ്രകാരം പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കുവാന്‍ ഒക്‌ടോബര്‍ 30 വരെ അവസരമുണ്ട്. ബി.എച്ച്.എം., ബി.കോം. ഓണേഴ്‌സ്, ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ തന്നെ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് രേഖപ്പെടുത്താത്തവരെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല.
മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം അപേക്ഷയുടെ പുതിയ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടാതെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ഇ.ഡബ്ല്യു.എസ്.) വിഭാഗക്കാര്‍ അവരവരുടെ അപേക്ഷയില്‍ ആയതു കൂടി ചേര്‍ത്ത് അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്.