Kerala

മന്ത്രിസഭ യോഗം ഇന്ന്

തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്ക് പകരമുള്ള ഉദ്യോഗസ്ഥ ഭരണ സംവിധാനത്തിനു ഇന്നത്തെ മന്ത്രിസഭായോഗം രൂപം നല്‍കും. സിബിഐയുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനവും ഇന്നുണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പുള്ള അവസാനത്തെ മന്ത്രിസഭായോഗത്തില്‍ വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയും മന്ത്രിസഭായോഗം അംഗീകരിക്കാനാണ് സാധ്യത.

തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി നവംബര്‍ 11 അര്‍ദ്ധരാത്രി അവസാനിക്കുന്നത് കൊണ്ട് ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിന്നു.ഇന്നത്തെ മന്ത്രിസഭായോഗത്തിന്‍റെ പ്രധാന അജണ്ടയായി ഇത് വരും. ആറ് കോര്‍പ്പറേഷനുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും ചുമതല ജില്ലാ കലക്ടര്‍മാര്‍ക്ക് ആയിരിക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളിലും അതതു തലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കും. സംസ്ഥാനത്ത് കേസുകൾ ഏറ്റെടുക്കാൻ സി.ബി.ഐക്ക് നൽകിയിട്ടുള്ള പൊതു സമ്മതപത്രം പിൻവലിക്കുന്ന കാര്യവും മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.ഇതിനായി പ്രത്യേക ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ ആലോചന.

സർക്കാരിന്‍റെ നയപരമായ തീരുമാനങ്ങളിൽ കേന്ദ്ര ഏജൻസികൾ ഇടപെടുന്നുവെന്ന പരാതി മുഖ്യമന്ത്രിതന്നെ ഉന്നയിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങള്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്ന കാര്യവും മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും.റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയും മന്ത്രിസഭായോഗം അംഗീകരിക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് ചർച്ചക്ക് വരും .ചില മന്ത്രിമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഭേദഗതി തീരുമാനിക്കുന്നത്.