സംസ്ഥാനത്ത് ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിക്കാതായതോടെയാണ് എണ്ണായിരത്തോളം വരുന്ന കരാര്‍ തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയത്. സി.ഐ.ടി.യുവിന്റെ കീഴിലുള്ള കാഷ്വല്‍ കോണ്‍ട്രാക്ട് ലേബേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം.
കേബിള്‍ ജോലികള്‍ക്കും ഓഫീസ് ജോലികള്‍ക്കുമുള്ള കരാര്‍ തൊഴിലാളികളാണ് സമരം നടത്തുന്നത്. ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ തൊഴിലാളിക്കു പോലും അടിസ്ഥാന ദിവസ വേതനം 500 രൂപയില്‍ താഴെയാണ്. തുച്ഛമായ ഈ വേതനം പോലും കഴിഞ്ഞ രണ്ട് മാസമായി ലഭിക്കുന്നില്ല. ഇതോടെയാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.
കേബില്‍ ജോലികള്‍ക്ക് കരാര്‍ തൊഴിലാളികളെയാണ് ഏറെയും ബി.എസ്.എന്‍.എല്‍ ആശ്രയിക്കുന്നത്. തൊഴിലാളികളുടെ സമരം നീണ്ടുപോവുന്നത് കേബിള്‍ അറ്റകുറ്റപ്പണി പണികളെ ബാധിക്കും. 2013 മുതല്‍ തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനം വഴിയാണ് ബി.എസ്.എന്‍.എലില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നത്. നേരത്തെ ബി.എസ്.എന്‍.എലില്‍ നേരിട്ടായിരുന്നു നിയമനം. ഇതോടെ സ്വകാര്യ കമ്പനി മുഖേനെയായി തൊഴിലാളികളുടെ വേതനം. ബി.എസ്.എന്‍.എല്‍ ഫണ്ട് അനുവദിക്കാത്തതാണ് ജിവനക്കാരുടെ വേതനം മുടങ്ങാന്‍ കാരണമെന്നാണ് കരാര്‍ കമ്പനിയുടെ വിശദീകരണം.