നിര്‍മാണത്തിലിരിക്കെ തകര്‍ന്നു വീണ തലശേരി മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. ജി.എച്ച്.വി ഇന്ത്യ, ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളെയാണ് വിലക്കിയത്. പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നടപടി. ദേശീയപാത അതോറിറ്റിയുടെ നിര്‍മാണങ്ങളില്‍ ഇനി കമ്പനിയെ ഉള്‍പ്പെടുത്തില്ല.
തലശേരി മാഹി ബൈപ്പാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന സംഭവത്തില്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബീമുകള്‍ക്ക് കൊടുത്ത താങ്ങ് ഇളകിയതാണ് അപകടകാരണമെന്നും നിര്‍മാണത്തില്‍ അപാകതകളില്ലെന്നും ആയിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ നിര്‍മല്‍ എം സാഥേയുടെ നേതൃത്വത്തില്‍ പാലത്തില്‍ പരിശോധന നടത്തിയിരുന്നു.