ലക്ഷങ്ങള്‍ മുടക്കി പദ്ധതികള്‍ നടപ്പിലാക്കിയിട്ടും ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തതിന് പരിഹാരമാകുന്നില്ല. ഇന്നലെയുണ്ടായ തീ പൂർണമായും അണക്കാനായിട്ടില്ല. സമീപ പ്രദേശങ്ങളില്‍ പുക വ്യാപിക്കുകയാണ്. തീപിടിത്തത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് മേയർ സൗമിനി ജെയിൻ ആവശ്യപ്പെട്ടു.
മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും വേനലിന്റെ തുടക്കത്തില്‍ തന്നെ ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യകൂമ്പാരത്തില്‍ തീപടര്‍ന്നു. പതിവു പോലെ കാരണം വ്യക്തമല്ല. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്ലാന്റിൽ വലിയ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് സ്വീകരിച്ച മുൻകരുതലുകളാണ് ഇപ്പോൾ കുറെയെങ്കിലും സഹായകരമായത്. സുരക്ഷയുടെ ഭാഗമായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും അതിന്റെ പരിധിക്കപ്പുറത്ത് നിന്നാണ് തീ പടർന്നത്.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് ഉയർന്ന തീ കാറ്റ് ശക്തമായതിനാൽ നിമിഷക്കൾക്കകം ഏക്കറ് കണക്കിന് സ്ഥലത്തേക്ക് ആളിപടരുകയായിരുന്നു. അഗ്നിശമന സേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്കിലും പൂര്‍ണമായി തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.