കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങൾ നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടഞ്ഞു. കൊച്ചിൻ കോർപ്പറേഷന്റെയും വിവിധ നഗരസഭകളുടെയും മാലിന്യങ്ങളുമായെത്തിയ 15 ഓളം വാഹനങ്ങളാണ് തടഞ്ഞത്. വാഹനങ്ങളുടെ താക്കോലുകൾ സമരക്കാർ കൈവശപ്പെടുത്തിയത് പ്രദേശത്ത് നേരിയ സംഘര്ഷമുണ്ടാക്കിയെങ്കിലും പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത ശേഷം ലോറികൾ കടത്തിവിട്ടു.
രാത്രി വൈകിയാണ് കൊച്ചി കോർപ്പറേഷനിലെയും വിവിധ നഗരസഭകളിലെയും മാലിന്യങ്ങളുമായി പതിനഞ്ചോളം ലോറികൾ ബ്രഹ്മപുരത്തേക്ക് എത്തിയത്. ഇതറിഞ്ഞ നാട്ടുകാർ വടവുകോട് പുത്തൻകുരിശ് പഞ്ചാത്തംഗങ്ങളായ ബീന കുര്യാക്കോസിന്റെയും കെ.പി.വിശാഖിൻറെയും നേതൃത്വത്തിൽ സംഘടിച്ചെത്തി വാഹനങ്ങൾ തടയുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ പൊലീസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും വാഹനങ്ങൾ കടത്തിവിടാൻ അവർ തയ്യാറായില്ല. തുടർന്ന് പഞ്ചായത്തംഗം വിശാഖിനെ അറസ്റ്റു ചെയ്തു നീക്കിയെങ്കിലും നാട്ടുകാർ പ്രതിഷേധം തുടർന്നു. എന്നാൽ താക്കോൽ തിരികെ നൽകി പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കിൽ എല്ലാവരെയും അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചതോടെ പ്രതിഷേധക്കാർ വിട്ടു വീഴ്ചക്ക് തയ്യാറായി. പ്ലാൻറിലെത്തിയ വാഹനങ്ങൾ കടത്തി വിട്ട പൊലീസ്, ജില്ലാ കളക്ടറുടെ അഭ്യർത്ഥന മാനിച്ച് 10 ദിവസങ്ങൾ കൂടി ക്ഷമിക്കാൻ പ്രദേശവാസികളോട് ആവശ്യപ്പെട്ടു
കൊച്ചി നഗരത്തിലടക്കം കുന്നുകൂടിയ ഭക്ഷണ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ പ്ലാൻറിലേക്ക് എത്തിക്കുന്നുള്ളൂവെന്നാണ് കൊച്ചിൻ കോർപ്പറേഷന്റെ വിശദീകരണം. എന്നാൽ കോർപ്പറേഷന് ഇന്ന് സ്റ്റോപ്പ് മെമോ നൽകുമെന്നും കൂടുതൽ നാട്ടുകാരെ ഉൾപ്പെടുത്തി പ്രതിഷേധം തുടരുമെന്ന് വടവുകോട് പഞ്ചായത്തംഗങ്ങൾ വ്യക്തമാക്കി.