ശ്രീലങ്കയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽ തന്നെ സംസ്കരിക്കും. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. റസീനയുടെ ഭര്‍ത്താവും സഹോദരങ്ങളും ശ്രീലങ്കയിലുണ്ട്.
കാസര്‍കോട് മൊഗ്രാല്‍ പൂത്തൂരിലെ ഖാദര്‍ കുക്കാടിയുടെ ഭാര്യ പി.എസ് റസീനയാണ് ശ്രീലങ്കയില്‍ ഞായറാഴ്ചയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. റസീനയും ഭര്‍ത്താവ് ഖാദറും ശ്രീലങ്കയിലെത്തിയത് പത്ത് ദിവസം മുന്‍പാണ്. അവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഖാദര്‍ ദുബൈയിലേക്ക് മടങ്ങിയിരുന്നു.
ശ്രീലങ്കയില്‍ ജനിച്ച് വളര്‍ന്ന റസീനക്ക് കൊളംബോയില്‍ ബന്ധുക്കളുണ്ട്. ഇവരുടെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം. ഇവരുടെ രണ്ട് മക്കള്‍ അമേരിക്കയിലാണ്. വിവരമറിഞ്ഞ് ഖാദറും മറ്റ് ബന്ധുക്കളും കൊളംബോയിലെത്തിയിട്ടുണ്ട്. റസീനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ബന്ധുക്കള്‍ തീരുമാനമെടുത്തിട്ടില്ല. റസീനയുടെ മാതാപിതാക്കള്‍ ശ്രീലങ്കയിലായിരുന്നു. ഇപ്പോള്‍ സഹോദരങ്ങളും അവിടെയുണ്ട്.