ന്യൂസിലാൻഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസിക്ക് വിട. ഇന്ന് രാവിലെ കൊടുങ്ങല്ലുരിലെത്തിച്ച മൃതദേഹം പത്തരയോടെ കബറടക്കി. ചേരമാൻ ജുമാ മസ്ജിദ് കബറിസ്ഥാനിൽ ആയിരുന്നു കബറടക്കം.
പുലര്‍ച്ചെ അഞ്ചു മണിയോടെ അന്‍സി അലി ബാവയുടെ മൃതദേഹം നെടുമ്പാശ്ശേരിയിൽ നിന്നും കൊടുങ്ങല്ലൂരിൽ എത്തിച്ചു. ആദ്യം ഭർതൃ വീട്ടിലേക്കും പിന്നീട് അൻസിയുടെ ടി.കെ.എസ് പുരത്തെ വീട്ടിലേക്കുമാണ് മൃതദേഹം കൊണ്ടുപോയത്. ഒൻപത് മണിയോടെ മേത്തല കമ്മ്യൂണിറ്റി സെന്ററിൽ പൊതു ദര്‍ശനം. നാടൊന്നാകെ ഒഴുകിയെത്തിയിരുന്നു അപ്പോൾ അവിടെ.
ഇന്നസെന്റ്, ബെന്നി ബഹനാന്, മന്ത്രി സി രവീന്ദ്രനാഥ് , കേരള മുസ്ലീം ജമാഅത്ത് ജന.സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഹാരി തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങൾ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. തീവ്രവാദ വിരുദ്ധ പോസ്റ്ററുകളുമായാണ് സ്കൂൾ വിദ്യാർഥികൾ അന്‍സിയെ അവസാനമായി കാണാനെത്തിയത്.