India Kerala

ബി.ജെ.പിയുടെ സമരം എങ്ങുമെത്തിക്കാനാവാത്ത അവസ്ഥയിൽ

ശബരിമലയിലെ യുവതീപ്രവേശന പ്രശ്നവുമായി ബന്ധപ്പെട്ട ബി.ജെ.പി നടത്തുന്ന സമരം എങ്ങുമെത്തിക്കാനാവാത്ത അവസ്ഥയിൽ. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ പോലും സമരത്തോട് മുഖം തിരിക്കുകയാണ്. ശക്തി തെളിയിക്കാൻ പോലുമാകാതെ ആളൊഴിഞ്ഞയിടമായി സമരപ്പന്തൽ മാറി.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ബി.ജെ.പി സമരം തുടങ്ങിയത് കഴിഞ്ഞ മാസം മൂന്നിനാണ്. ഓരോ ദിവസവും ഓരോ ജില്ലക്കും ചുമതല നൽകിയായിരുന്നു ക്രമീകരണം. എന്നാൽ സമരത്തോട് സർക്കാർ നിസംഗഭാവം തുടർന്നതോടെ നേതൃത്വം വെട്ടിലായി. ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി.കെ പത്മനാഭന്‍ എന്നിവര്‍ക്ക് പിന്നാലെ മുന്‍നിര നേതാക്കന്മാരെ കിട്ടാത്ത അവസ്ഥയായി.ആറാമത്തെയാളായി. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി രമയാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്.

ജയില്‍വാസം കഴിഞ്ഞ് കെ.സുരേന്ദ്രന്‍ നിരാഹാരസമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്,വി.മുരളീധരന്‍ തുടങ്ങിയ നേതാക്കളാരും സമരസന്നദ്ധരാകാത്തതും തിരിച്ചടിയായി. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെതിനെ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുമുണ്ട്. ബി.ജെ.പി ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കുന്ന 22 വരെ സമരം മുന്നോട്ട് കൊണ്ടു പോകാനാണ് തീരുമാനം.