India Kerala

പത്തനംതിട്ടയെച്ചൊല്ലി ബി.ജെ.പിയില്‍ വീണ്ടും കലഹം; തര്‍ക്കങ്ങളില്ലെന്ന് കുമ്മനം

പത്തനംതിട്ടയെച്ചൊല്ലി ബി.ജെ.പിയില്‍ വീണ്ടും കലഹം. സ്ഥാനാർഥി നിർണയത്തിൽ നായർ സമുദായത്തിന് അർഹമായ പരിഗണിച്ചില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. പത്തനംതിട്ടയില്‍ എന്‍.എസ്.എസിന്റെ താത്പര്യം കണക്കിലെടുത്തില്ല. ബി.ജെ.പിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ബി. ഡി.ജെ.എസ് വഴി എസ്.എന്‍.ഡി.പി ഇടപെടുകയാണെന്നും ഈ വിഭാഗം വിമര്‍ശിക്കുന്നു. തർക്കം രൂക്ഷമായതോടെ പത്തനം തിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുകയാണ്.

പത്തനംതിട്ടയിൽ നായർ സമുദായത്തിന് സ്വാധീനം ഉണ്ടെന്നും എൻ.എസ്.എസ് താൽപര്യം കുടി പരിഗണിച്ച് ശ്രീധരൻ പിള്ളയെ ഇവിടെ സ്ഥാനാർഥിയാക്കണമെന്നും ആവശ്യമുയർന്നിരുന്നു. ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സമരങ്ങളുടെ പശ്ചാത്തലത്തിൽ കെ.സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നായിരുന്നു മുരളീധര പക്ഷത്തിന്റെ സമ്മര്‍ദ്ദം. ആര്‍.എസ്.എസും ഇതിനെ പിന്തുണച്ചതോടെ സുരേന്ദ്രന്‍ പത്തനംതിട്ട ഉറപ്പിച്ചിരുന്നു.

ശ്രീധരൻ പിള്ളയെ ഒഴിവാക്കുക വഴി എൻ.എസ്.എസ് താൽപര്യം അവഗണിച്ചെന്ന ആക്ഷേപം വീണ്ടും ശക്തമായതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവെച്ചത്. പിള്ളയെ ഒഴിവാക്കിയത് ബി.ഡി.ജെ.എസ് വഴി എസ്.എന്‍.ഡി.പി ആണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം. സുരേന്ദ്രന് വേണ്ടി സോഷ്യൽ മീഡിയ വഴി സംഘടിതമായ പ്രചരണം നടത്തിയെന്നും ശ്രീധരൻ പിള്ളയെ അനുകൂലിക്കുന്നവർ ആക്ഷേപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണിവർ.

എന്‍.ഡി.എ മുന്നണിയില്‍ ബി.ഡി.ജെ.എസ് ഉള്ളപ്പോൾ പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കായ നായർ സമുദായത്തിനാണ് പരിഗണന വേണ്ടതെന്നാണ് ശ്രീധരന്‍ പിള്ള അനുകൂലികള്‍ പറയുന്നത്. കലഹം രൂക്ഷമായതോടെ എൻ.എസ്.എസിനെ അനുനയിപ്പിച്ച് പത്തനംതിട്ടയിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഒരു സമുദായത്തെയും അവഗണിച്ചില്ലെന്നും പത്തനംതിട്ട സീറ്റിനെ ചൊല്ലി തർക്കങ്ങളില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.